സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി; ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നിലവില്‍ വന്നു
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി; ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നിലവില്‍ വന്നു

റാഞ്ചി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനം ഏക സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്നു. ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വരും. ഇതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങി സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ബാധകമാകും. ആദിവാസി വിഭാഗങ്ങള്‍ക്കും ചില സമുദായങ്ങള്‍ക്കും നിയമത്തില്‍ നിന്ന് നിലവില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഇന്ന് ഉച്ചയ്ക്ക് സര്‍ക്കാര്‍ പുറത്തിറക്കിയ യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യും. എല്ലാ വിവാഹങ്ങളും 60 ദിവസത്തിനകം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം ഉറപ്പുവരുത്തുന്നുവെന്നും നിയമം വ്യക്തമാക്കുന്നു. കൂടാതെ ലിവിങ് ടുഗെദര്‍ ബന്ധങ്ങളിലേര്‍പ്പെടുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും.

യുസിസി നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. 2024 ഫെബ്രുവരിയില്‍ സംസ്ഥാന നിയമസഭ പാസാക്കിയ ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം മാര്‍ച്ച് 12 ന് ലഭിച്ചു. കമ്മിറ്റിയുടെ വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.

വിവാഹം ഉള്‍പ്പെടെയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍ ഉറപ്പാക്കാനായി പുതിയ വെബ്സൈറ്റ് തുടങ്ങുകയും ഇതിനായി പൊതുജനങ്ങളില്‍ വ്യാപകമായ അവബോധം സൃഷ്ടിക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏക സിവില്‍ കോഡ് നടപ്പാക്കല്‍ സംസ്ഥാനത്തിന്റെ നിയമ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും ദേശീയ തലത്തില്‍ ഇതിന് മാതൃകയാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Related News

Quick Links

© Rehaab Media Online. All Rights Reserved.