കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയ സംഭവത്തിൽ നാടകീയ രംഗങ്ങൾ. കലൂർ ലിസി ജംഗ്ഷനിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ കഴിഞ്ഞ രാത്രി 10.48 ഓടെയാണ് സംഭവം. പൊലീസ് സംഘം 314ാം നമ്പർ മുറിയിൽ എത്തി ഡോർബെൽ അമർത്തിയപ്പോൾ, ജനാല വഴി ചാടിയാണ് നടൻ രക്ഷപ്പെടാൻ ശ്രമിച്ചത്.
രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിൽ വീണ ഷൈൻ, പിന്നീട് താഴേക്ക് വീണ് സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതായി ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മുറിയിൽ നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശിയായ ഒരാൾ കൂടി ഉണ്ടായിരുന്നുവെങ്കിലും, ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗം അല്ലെങ്കിൽ കൈവശം വച്ചിരുന്നതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
നടൻ ഷൈൻ ടോം ചാക്കോ ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫിലിം ചേംബറും സിനിമയുടെ ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റിയിലും വിൻസി പരാതി നൽകിയിരുന്നു. നടിയിൽനിന്ന് വിവരം ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് വകുപ്പ് അറിയിച്ചു.