കേരളത്തിന്റെ ആകാശ സ്വപ്നം യാഥാർഥ്യമാകുന്നു; എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് നാളെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും
കേരളത്തിന്റെ ആകാശ സ്വപ്നം യാഥാർഥ്യമാകുന്നു; എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് നാളെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും

Photo: Air Kerala

കൊച്ചി: മലയാളികളുടെ സ്വപ്നപദ്ധതിയായ എയർ കേരള, ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ കാലഘട്ടം രൂപപ്പെടുത്താൻ തയ്യാറെടുക്കുന്നു. കേരളത്തിലെ ആദ്യ തദ്ദേശീയ എയർലൈൻ എന്ന നിലയിൽ എയർ കേരളയുടെ കോർപ്പറേറ്റ് ഓഫിസ് നാളെ ആലുവയിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.


ഹൈബി ഈഡൻ എം.പി, ബെന്നി ബെഹനാൻ എം.പി, ഹാരിസ് ബീരാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, റോജി എം ജോൺ എം.എൽ.എ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, എയർ കേരള ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.


ആധുനിക സംവിധാനങ്ങളോടുകൂടി ആലുവ മെട്രോ സ്റ്റേഷന്റെ സമീപത്ത് മൂന്ന് നിലകളിലായി നിർമിച്ചിരിക്കുന്ന കോർപ്പറേറ്റ് ഓഫിസിൽ ഏകദേശം 200 ജീവനക്കാർക്ക് ഒരേ സമയം ജോലി ചെയ്യാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.


വർഷാവസാനത്തോടെ 750 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ രാജ്യാന്തര സർവീസുകൾക്കു മുൻപായി ആഭ്യന്തര വിമാന സർവീസുകളാണ് എയർ കേരള ആരംഭിക്കുക. ആദ്യ വിമാനം ജൂൺ മാസം കൊച്ചിയിൽ നിന്ന് പറന്നുയരുമെന്നാണ് പ്രതീക്ഷ.


വിമാന ടിക്കറ്റുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ ഐറിഷ് കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുന്നു. വിമാനങ്ങൾ സ്വന്തമാക്കാനുമായി കൂടിയുള്ള ശ്രമങ്ങളിലുമാണ് കമ്പനി.


ദക്ഷിണേന്ത്യയും മധ്യേന്ത്യയുമുള്ള ചെറിയ നഗരങ്ങളെ വലിയ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കാൻ എയർ കേരള ശ്രമിക്കുന്നതായി സി.ഇ.ഒ ഹരീഷ് കുട്ടി വ്യക്തമാക്കി.

Related News

Quick Links

© Rehaab Media Online. All Rights Reserved.